ന്യൂഡൽഹി: വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനുള്ള തീരുമാനം ലോക്സഭയിൽ പരാജയപ്പെട്ടതോടെ പ്രതിപക്ഷത്തിനെതിരേ കൂടുതൽ രാഷ്ട്രീയ പ്രചാരണവുമായി ബിജെപി രംഗത്ത്.
ഇതിന്റെ ഭാഗമായി പാർട്ടിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് രാഷ്ട്രീയരംഗത്തെ വനിതാ പങ്കാളിത്തത്തെക്കുറിച്ച് പ്രത്യേക ചർച്ചകൾ നടത്തും.
ഡൽഹി സംസ്ഥാനത്തെ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. മധ്യപ്രദേശിലും ഹരിയാനയിലും പ്രത്യേക നിയമസഭാസമ്മേളനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഒഡീഷയിൽ 30നാണ് പ്രത്യേക സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ടിഡിപിയുടെ നേതൃത്വത്തിലുള്ള ആന്ധ്രപ്രദേശിൽ മേയ് ആദ്യം പ്രത്യേക സമ്മേളനം നടക്കും.
ഈമാസം രണ്ടാം വാരം വിളിച്ചുചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഭരണഘടനാഭേദഗതി ബില്ലിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്നാണ് പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ നിലപാട് ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടുമെന്നു വ്യക്തമാക്കി ബിജെപി രംഗത്തെത്തിയത്. എന്നാൽ വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡലപുനർനിർണയം നടത്താനുള്ള നീക്കമാണു തടഞ്ഞതെന്നാണ് പ്രതിപക്ഷ വാദം.
വനിതാസംവരണം നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ നിലവിലുള്ള മണ്ഡലങ്ങളുടെ എണ്ണത്തിനനുസരിച്ച് 33 ശതമാനം സംവരണം അനുവദിക്കാൻ തയാറാകണമെന്നാണ് കോണ്ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പത്തു ലക്ഷം പോസ്റ്റ് കാർഡുകൾ അയയ്ക്കുമെന്ന് മഹിളാ കോണ്ഗ്രസ് വ്യക്തമാക്കി.
കൂടാതെ ഒബിസി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കു സംവരണത്തിനുള്ളിൽ സംവരണം ഉറപ്പാക്കണമെന്ന ആവശ്യവുമായി കോണ്ഗ്രസിന്റെ ഒബിസി വിഭാഗം മേയ് ഒന്നിന് ഉത്തർപ്രദേശിലെ സീതാപുരിൽനിന്ന് രാജ്യവ്യാപക പ്രചരണ പരിപാടികൾക്ക് തുടക്കം കുറിക്കും.